തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു. തേവലക്കര സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മാനേജരുടെ വിശദീകരണം തള്ളിയാണ് നടപടി. മാനേജരെ അയോഗ്യനാക്കി.കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് താത്കാലിക ചുമതല നൽകി.പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്തത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.ജൂലായ് 17-ന് ക്ലാസ്‌റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ എം. എന്ന വിദ്യാര്‍ഥിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്.