മുംബൈ: 2006ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. എന്നാൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.2006 ജൂലായ് 11നാണ് മുംബൈയിലെ തിരക്കേറിയ 7 സബർബൻ ട്രെയിനുകളിൽ ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നീണ്ട നാളത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ 2015ൽ കേസിൽ പ്രതികളായ 12 പേരെ പ്രത്യേക അന്വേഷണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. 5 പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപരന്ത്യം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്.സമൂഹത്തിന്റെ വിവിധ തുറകളിൽ വിവിധ ജോലികൾ ചെയ്തിരുന്നവരായിരുന്നു പിടിയിലായ 12 പേരും. എഞ്ചിനീയർമാർ, ഡോക്ടർമാർ, കടയുടമകൾ, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ മുൻ അംഗങ്ങൾ തുടങ്ങിയവരായിരുന്നു പ്രതികൾ. ഇവരിൽ ഒരാൾ വിചാരണക്കിടെ കോവിഡ് ബാധിതനായി മരണപ്പെടുകയും ചെയ്തു.എന്നാൽ പത്ത് വർഷത്തിനിപ്പുറം ഈ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. ആറ് മാസത്തിലേറെ തുടർച്ചയായി വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവർ ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ച് പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നും പ്രതികൾ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. തെളിവുകളില്ലാതെയാണ് 12 പേരെ ജയിലിലടച്ചത് എന്നായിരുന്നു പ്രതികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ എസ് മുരളീധർ ഹൈക്കോടതിയിൽ വാദമുയർത്തിയത്. ഈ വിധിയാണ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്‌തത്.