കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ച് എൻ.ഒ.സിക്കുള്ള നടപടികളും പൂർത്തിയാക്കി. ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ്. കെ.വി. തോമസിനെ ഇക്കാര്യം അറിയിച്ചു.
മൃതദേഹം ജൂലൈ 24 ന് ടൊറോന്റോയിൽ നിന്നും തിരിക്കുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 25 ന് ഉച്ചയ്ക്ക് 2:40 മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിക്കും. ഇവിടെ നിന്നും ജൂലൈ 26 ന് രാവിലെ 8:10-ന് എ.ഐ. 833 എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തിക്കും.
ജൂലൈ 8 ന് കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് പരിശീലന പറക്കലിനിടെ അപകടം നടന്നത്. കാനഡയിൽ നിന്നുള്ള 20 വയസ്സുള്ള മെയ് റോയ്‌സായിരുന്നു അപകടത്തിൽപ്പെട്ട മറ്റൊരാൾ. ശ്രീഹരി അവസാനമായി നാട്ടിലേക്ക് വന്നത് 2024 നവംബറിൽ ആയിരുന്നു. 2025 ഫെബ്രുവരി ആദ്യ വാരത്തിലാണ് ശ്രീഹരി കാനഡയിലേക്ക് തിരിച്ചു പോയത്.