അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ. വി.എസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെൻ്റ് ഭൂമി. അവിടെ ആയിരിക്കും വിപ്ലവ സൂര്യൻ ഇനി അന്ത്യവിശ്രമം കൊള്ളുക.
അതേസമയം വി എസ് അച്യുതാനന്ദന്റെ സംസ്കാര സമയങ്ങളിൽ മാറ്റം വരുത്തേണ്ടിവരും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ലക്ഷക്കണക്കിന് ആളുകളാണ് വിഎസിനെ കാണാനായി കാത്തുനിൽക്കുന്നത്. എല്ലാവർക്കും വിഎസിനെ അവസാനമായി കാണാനുള്ള അവസരം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴിനു ശേഷമാണ് വിലാപയാത്ര ഓച്ചിറയിൽ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. വഴിയിൽ വി എസിനെ കാണാൻ ജനങ്ങൾ നിൽക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ അവസരമൊരുക്കുന്നുണ്ട്. രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് പലയിടങ്ങളിലായി പ്രിയ സഖാവിനെ കാത്തുനിൽക്കുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വി.എസ് അച്യുതാനന്ദൻ തിങ്കളാഴ്ച വൈകിട്ട് 3.20നാണ് അന്തരിച്ചത്. തുടർന്ന് എ.കെ.ജി പഠനഗവേഷണകേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട പൊതുദർശനം. അതിനുശേഷം തിരുവനന്തപുരം പാളയത്തെ തമ്പുരാൻമുക്കിലുള്ള വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. തുടർന്ന് വൻ ജനക്കൂട്ടത്തിന് നടുവിലൂടെ ജനനായകൻ ജന്മനാട്ടിലേക്ക് തിരിക്കുകയായിരുന്നു.