വിഴിഞ്ഞം:വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്ങാനൂർ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലിൽ ചരുവിള വീട്ടിൽ അജുവിന്റെയും സുനിതയുടെ മകൾ അനുഷ(18)യെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അയൽവാസിയായ സ്ത്രീ അസഭ്യംപറഞ്ഞതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം. അയൽക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതിൽ കടന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇക്കാര്യത്തിൽ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയൽവാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് ആരോപണം. തുടർന്ന് കടുത്ത മാനസികസമ്മർദത്തിലായിരുന്ന പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു.
ഐടിഐ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മരണമുണ്ടായത്. പാറശ്ശാല ധനുവച്ചപുരം ഐടിഐയിലാണ് അനുഷ പ്രവേശനം നേടിയിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.