സ്വകാര്യ ബസ്സ്
നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലെ കാനയിലേക്ക് ചരിഞ്ഞു. കാണിപ്പയ്യൂർ കെംടെക് അക്വാ സ്ഥാപനത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.തൃശ്ശൂർ – കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ഡെൽവിൻ എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതിരെ വരികയായിരുന്ന കാറിന് സൈഡ് കൊടുത്തതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കാനയിലേക്ക് ചരിയുകയായിരുന്നു.ബസ്സിന്റെ മുൻവശത്തെ ടയർ ചളി കുഴിയിൽ താഴ്ന്നതിനാൽ ബസ് മറിഞ്ഞില്ല. ഇത് വൻ ദുരന്തം ഒഴിവാക്കി.തുടർന്ന് ബസ്സിൽ നിന്നും യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കിയശേഷം സമീപത്തെ യൂണിയൻ തൊഴിലാളികളും യാത്രക്കാരും ചേർന്ന് ബസ്സ് ചളി കുഴിയിൽ നിന്നും റോഡിലേക്ക് കയറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.വിവരമറിഞ്ഞതിനെ തുടർന്ന് കുന്നംകുളം പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.അപകടത്തെ തുടർന്ന് തൃശ്ശൂർ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.









