കുണ്ടറ ∙ ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികഅനുഭവിച്ച നരകയാതനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭിണിയായിരുന്നപ്പോൾ പോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.
കുഞ്ഞ് ജനിച്ച ശേഷവും പീഡനം തുടർന്നു. കുഞ്ഞിനു പനി കൂടിയിട്ടു പോലും ആശുപത്രിയിൽ എത്തിക്കാൻ പോലും നിതീഷും സഹോദരി നീതുവും സമ്മതിക്കാതെ ഇരുവരെയും മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പീഡനം സഹിക്കാൻ കഴിയാതെ വിപഞ്ചിക നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ നിതീഷ് കൈക്കലാക്കി.
കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് സൂചന.
വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരിൽ നിന്ന് ഏൽക്കേണ്ടിവന്ന കൊടിയ പീഡനം പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെ നിതീഷ് വക്കീൽ നോട്ടിസും അയച്ചു. വക്കീൽ നോട്ടിസ് അയച്ചതിന്റെ നിരാശയിലാകാം വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണു പീഡന വിവരം പുറത്തായത്.
വക്കീൽ നോട്ടിസ് അയയ്ക്കുന്നതിന് 3 ദിവസം മുൻപ് നിതീഷ് വഴക്കിട്ട് ഫ്ലാറ്റ് മാറിപ്പോയി. 9ന് ഉച്ചയ്ക്ക് ജോലിക്കാരി ഫ്ലാറ്റിൽ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനാൽ നിതീഷിനെ വിളിച്ചു. നിതീഷ് എത്തി കതക് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണ വിവരം അറിയുന്നത്. നിതീഷ് എത്തി മണിക്കൂറുകൾക്കകം സമൂഹമാധ്യമ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. അപ്പോഴേക്കും ആത്മഹത്യക്കുറിപ്പും ശബ്ദസന്ദേശവും നിതീഷിന്റെ സ്വഭാവവൈകൃതങ്ങൾ തെളിയിക്കുന്ന വിഡിയോകളും ഫോട്ടോകളും ലഭിച്ചിരുന്നതായി വിപഞ്ചികയുടെ ബന്ധുക്കൾ പറയുന്നു.
വിപഞ്ചിക തല മുണ്ഡനം ചെയ്തു നിൽക്കുന്ന ഫോട്ടോ കണ്ടു ബന്ധുക്കൾ ഷാർജയിലെ സുഹൃത്തിനോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് സഹോദരി നീതുവിനെക്കാൾ സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേർന്ന് മുടി മുറിച്ച കഥ അറിയുന്നത്. നിതീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചുനിൽക്കുന്ന ഫോട്ടോയും ബന്ധുക്കൾക്ക് ലഭിച്ചതിലുണ്ട്.