കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മോഹന്‍കുമാറിന് ജാമ്യം ലഭിച്ചതിനെതിരെയാണ് കൊല്ലപ്പെട്ട ഐവിന്‍ ജിജോയുടെ മാതാവ് റോസ് മേരി ജിജോ ഹൈക്കോടതിയെ സമീപിച്ചത്.
മകൻ്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി മോഹന്‍ കുമാറിനും വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം നല്‍കിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
ഇക്കഴിഞ്ഞ മെയ് മാസം 14ന് രാത്രിയാണ് കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊന്നത്. കാറിനടിയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ ദൂരം വലിച്ചിഴച്ചു കൊലപ്പെടുത്തിയെന്നാണ് നെടുമ്പാശ്ശേരി പൊലീസ് ചുമത്തിയ കുറ്റം.
കേസില്‍ ബിഹാര്‍ സ്വദേശികളായ വിനയ് കുമാര്‍ ദാസും മോഹന്‍ കുമാറുമാണ് ഒന്നും രണ്ടും പ്രതികള്‍. കുറ്റകൃത്യത്തിന് പിന്നാലെ സബ് ഇന്‍സ്‌പെക്ടറായ വിനയ് കുമാറിനെയും കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാറിനെയും സിഐഎസ്എഫ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.