ദില്ലി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് സർക്കാർ അറിയിച്ചു. പല ഗോത്രനേതാക്കളും ദയാധനം സ്വീകരിക്കുന്നതിനെ എതിർക്കുന്നുണ്ട്. യെമൻ പൗരൻ്റെ കുടുംബം ആദ്യ ചർച്ച മുതൽ ദയാധനത്തെ എതിർത്തു എന്നാണ് സൂചന. ഇന്ത്യ സമീപിച്ച വിദേശനേതാക്കൾക്കും ഗോത്രനേതാക്കളെ സ്വാധീനിക്കാനായില്ലെന്നാണ് വിവരം.
നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു