ഇന്ത്യൻ ഫുട്ബോൾ പുരുഷ ടീം പരിശീലക സ്ഥാനം മനോലോ മർക്കസ് ഒഴിഞ്ഞതോടെ പുതിയ പരിശീലകനെ തേടുന്ന തിരക്കിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. പരിശീലകനെ തേടുന്നു എന്ന് സംബന്ധിച്ച പോസ്റ്റർ കഴിഞ്ഞ ദിവസം AIFF സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം തവണയും ഹബാസ് ഇന്ത്യൻ ഫുട്ബോൾ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്. ജൂലൈ 13 ഞായർ വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.നിലവിൽ ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയുടെ മുഖ്യ പരിശീലകനായ ഹബാസ് ഇതിന് മുൻപും ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകനാകാൻ അപേക്ഷ സമർപ്പിച്ചുണ്ട്. എന്നാൽ, അന്ന് പ്രായം തിരിച്ചടിയായി. അന്ന് ഹബാസിനെ പിന്തള്ളി മനോലോ മർക്കസ് ഇന്ത്യൻ പരിശീലകൻ ആയെങ്കിലും, കളിച്ച 8 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയം കണ്ടെത്തിയത്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകൻ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരാളാണ് അന്റോണിയോ ലോപ്പസ് ഹബാസ്.ഐഎസ്എൽ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജൈൻസിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ ഹബാസ് ഒരു വട്ടം ഐഎസ്എൽ ഷീൽഡും നേടി കൊടുത്തു. മാത്രവുമല്ല, 1997 ൽ ബൊളിവിയ ചരിത്രമെഴുതി കോപ്പ അമേരിക്ക ഫൈനലിലേക്ക് മുന്നേറിയിരുന്നു. അന്ന് ബൊളിവിയക്കായി തന്ത്രങ്ങൾ മെനഞ്ഞത് ഹബാസായിരുന്നു. പരിശീലിപ്പിക്കുന്ന ടീമുകളെ ഒരു മികച്ച ടീമായി മാറ്റിയെടുക്കുന്നത്തിലും ശ്രദ്ധേയനാണ് ഹബാസ്. അതിന് ഒരു മികച്ച ഉദാഹരണമാണ് ഐ ലീഗ് ക്ലബായ ഇന്റർ കാശി.ഇന്ത്യൻ ഫുട്ബോൾ രംഗത്ത് പരിചയസമ്പത്തുള്ള ഹബാസിന് പകരം ഒരാളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇന്ത്യയിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് അത് വിളിച്ചുപറയുന്നവയാണ്. AFC ഏഷ്യൻ കപ്പിന് യോഗ്യത നേടുക എന്നതാണ് ഇന്ത്യൻ ടീമിന് ഇപ്പോൾ മുന്നിലുള്ള പ്രധാന കടമ്പ. ഹബാസ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരും.