തൃശൂർ: ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിൽ ഗ്യാസ് ചോർന്ന് വീട്ടിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ അർദ്ധരാത്രിയോടെയാണ് മരിച്ചത്. ഇന്ന് പോസ്ട്ട്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ജയശ്രീയുടെ ഭർത്താവ് രവീന്ദ്രനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിലാണ്. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി നടന്നു എന്നാണ് കരുതുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും വീടിന് പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് അനുമാനം. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം തകര്‍ന്നിട്ടിട്ടുണ്ട് എല്ലാ മുറികളിലെയും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാല്‍ മുറികള്‍ എല്ലാം തീ പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പൊലീസൂം സ്ഥലത്തെത്തിയിരുന്നു.