വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) പേസര്‍ യാഷ് ദയാലിനെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള സ്ത്രീയാണ് പരാതിക്കാരി. യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നുവെന്നും ഈ സമയത്താണ് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ താരത്തിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരമാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നതെന്നാണ് വിവരം. കുറ്റം തെളിയിക്കപ്പെട്ടാല്‍ യാഷ് ദയാലിന് പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ പറയുന്നതനുസരിച്ച്, യാഷ് ദയാലുമായി യുവതിക്ക് അഞ്ച് വര്‍ഷത്തെ ബന്ധമുണ്ടായിരുന്നുവെന്നും ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും കണ്ടിരുന്നുവെന്നും സ്ത്രീ അവകാശപ്പെടുന്നു. മാനസികമായും, സാമ്പത്തികമായും, ശാരീരികമായും തന്നെ ചൂഷണം ചെയ്തുവെന്നും താരത്തിന്റെ ‘യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍’ യുവതി കണ്ടെത്തിയതോടെ ഇരുവരും തമ്മില്‍ പല തവണ വഴക്കിട്ടിരുന്നതായും ഈ സമയത്താണ് തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുള്ളതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് യാഷുമായി ബന്ധമുള്ള മറ്റൊരു പെണ്‍കുട്ടി പരാതിക്കാരിയായ യുവതിയെ ഫോണ്‍ വഴി ബന്ധപ്പെടുകയും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ പങ്കുവെക്കുകയും ചെയ്തുവെന്നും എന്നാല്‍ യാഷിന്റെ കുടുംബത്തിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. മറ്റു ചില പെണ്‍കുട്ടികളും താനുമായി സംസാരിച്ചിരുന്നതായും അവര്‍ക്കും താരത്തില്‍ നിന്ന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായ കാര്യം പങ്കുവെക്കുകയും ചെയ്തു. ജൂണ്‍ 14 ന് വനിത ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ ആദ്യം ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയാണ് ചെയ്തതെന്നും പെണ്‍കുട്ടി അറിയിച്ചു.