എടപ്പാള്‍:മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ശബരിമല ഇടത്താവളമായ മിനി പമ്പയിൽ ഒരുക്കങ്ങൾ ഒന്നുമായില്ലെന്നും മിനി പമ്പയെ തകർക്കാനാണ് സർക്കാരും എം.എൽ.എ യും ശ്രമിക്കുന്നതെന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. മിനി പമ്പയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.
മണ്ഡലകാലത്തിന് മുന്നോടിയായി പോലീസ്, സുരക്ഷാ ഗാർഡുകൾ, ഫയർ ഫോഴ്സ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് മിനിപമ്പ ഇടത്താവളത്തിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. എന്നാൽ മണ്ഡലകാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ഇടത്താവളമായ മിനി പമ്പയിൽ ഒരുക്കങ്ങൾ ഒന്നുമായില്ലെന്നും ബി ജെ പി ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും മിനിപമ്പയിൽ സന്ദർശനം നടത്തിയ രവി തേലത്ത് ആവശ്യപ്പെട്ടു.വാതിലുകളും മറ്റും തകർന്ന ശൗചാലയങ്ങളും സുരക്ഷിതമല്ലാത്ത കുളിക്കടവുമാണ് ഇവിടെ ഉള്ളതെന്നും മിനി പമ്പയെ തകർക്കാനാണ് സർക്കാരും എം.എൽ.എ യും ശ്രമിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. ദേശീയപാതയുടെ നിർമ്മാണം നടക്കുന്നതിനാൽ സ്ഥല പരിമിതിയുണ്ടെങ്കിലും ഓപ്പൺ ഓഡിറ്റോറിയം നിൽക്കുന്ന സ്ഥലത്ത് സ്ഥിരം മേൽക്കൂര നിർമ്മിച്ചാൽ മണ്ഡലകാലത്ത് വിരി വെച്ച് അയ്യപ്പൻമാർക്ക് വിശ്രമിക്കാൻ കഴിയും.ശുദ്ധജല സംവിധാനം പോലും ഒരുക്കാൻ അധികൃതർ രംഗത്ത് വരാത്ത സാഹചര്യത്തിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് രവി തേലത്ത് പറഞ്ഞു. ബി.ജെ.പി നേതാക്കളായ കെയു ഉണ്ണികൃഷ്ണൻ,കെപി രവിചന്ദ്രൻ ,എംകെ ചന്ദ്രൻ ,സി.പി.പ്രതീഷ് ,വി.വി.ശ്രീനി ,എ.വി.സുനീഷ് ,ദേവദാസ് എന്നിവരും മിനി പമ്പയിൽ എത്തിയിരുന്നു.