മംഗളൂരു: കൊല്ലൂർ മൂകാംബികദേവിക്ക് ചാർത്താൻ ഒന്നേകാൽക്കോടിയിലേറെ വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ചു.ഒരുകിലോ സ്വർണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേർന്ന മുഖരൂപമാണ് സമർപ്പിച്ചത്. തുമകൂരു സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ദേവീമുഖരൂപം നൽകിയത്. സ്വർണമുഖാവരണത്തിൽ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമർപ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രംഭാരവാഹികളോടെ പറഞ്ഞു. പ്രധാന അവസരങ്ങളിൽ പൂജയ്ക്കൊപ്പം ഈ സ്വർണമുഖം ചാർത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് പറഞ്ഞു.