തിരുവനന്തപുരം: മകളും ഇൻഫ്ലവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ പണം തട്ടിയെടുത്തിരുന്നുവെന്നും ഇതിൻ്റെ പേരിൽ കേസ് നൽകിയതിന് പിന്നാലെ അവർ നൽകിയ വ്യാജ കൗണ്ടർ കേസാണിതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.’ഞങ്ങൾ പരാതി കൊടുത്തതിൻ്റെ പിറ്റേ ദിവസമാണ് ഈ മൂന്ന് കുട്ടികൾ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ളതാണ് കേസ്. പക്ഷെ ഇതിനെതിര ഞങ്ങളുടെ കൈയിൽ തെളിവുണ്ട്. അതെല്ലാം പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകിയവരുടെ കൈയിൽ അങ്ങനെ യാതൊരു തെളിവുമില്ല. മകളുടെ പല ചടങ്ങുകളിലും ദിയക്ക് ഒപ്പം കൂടെ നിന്നവരാണ് പരാതി നൽകിയിരിക്കുന്നത്. പലപ്പോഴും ഇങ്ങനെയല്ല അവരോട് നിൽക്കണ്ടതെന്ന് പറഞ്ഞപ്പോഴും എൻ്റെ അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം’ ജി കൃഷണകുമാർ പറഞ്ഞു. കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ തെളിവും തങ്ങളുടെ കയ്യിൽ ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇനി പ്രതീക്ഷ. തനിക്കെതിരെ കേസെടുത്തതിൻ്റെ ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. നല്ല രീതിയിലുള്ള മറുപടിയാണ് ലഭിച്ചത്. ന്യായമായ മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദേഹം പറഞ്ഞു.
അതേ സമയം, താന്‍ ആശുപത്രിയിലായതിനാല്‍ ഓഫീസ് കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലായെന്നും ജീവനക്കാരെ വിശ്വസിച്ചാണ് താന്‍ ആ ദിവസങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നതെന്നും കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ പറഞ്ഞു. പണം പോയതല്ല തൻ്റെ പ്രശ്‌നം വിശ്വാസ വഞ്ചന നടത്തിയതാണ് തന്നെ വിഷമിപ്പിച്ചതെന്നും ദിയ കൂട്ടിചേര്‍ത്തു.