ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറാൻ പാടില്ലെന്ന് മന്ത്രി കെ രാജൻ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർക്കാർ പരിപാടിയിൽ ആർ എസ് എസ് ഉപയോഗിക്കുന്ന ചിത്രമുപയോഗിക്കണം എന്ന് നിർബന്ധം പിടിച്ചതിനെ സർക്കാർ എതിർത്തിരുന്നു. അന്ന് രാജ് ഭവനിൽ നടത്താനിരുന്ന പരിപാടി സർക്കാർ മാറ്റുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവർണർമാർ മന്ത്രിമാരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നില്ല എന്നൊരു വിചിത്രമായ പ്രസ്താവന നടത്തി കേട്ടു. കേരളത്തിലെ മന്ത്രിമാരുടെ മാനസികാവസ്ഥ ഇന്ത്യയിലെ മതനിരപേക്ഷ മനുഷ്യന്മാരുടെ മാനസികാവസ്ഥയാണെന്നും. ഗുരു മൂർത്തിയുടെ ക്ലാസ് കേട്ടതുകൊണ്ട് ആ മാനസികാവസ്ഥ മനസ്സിലാവില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.രാജേന്ദ്ര വിശ്വനാഥ അർലേക്കർക്ക് ഏതു ചിഹ്നങ്ങളും ഉയർത്തിപ്പിടിക്കാം. എന്നാൽ, കേരളത്തിന്റെ ഗവർണർക്ക് ഭരണഘടനയും ഇന്ത്യയുടെ വ്യവസ്ഥാപിതമായ ചിഹ്നങ്ങളും മാത്രമേ പിടിക്കാൻ പറ്റൂ എന്നും മന്ത്രി പറഞ്ഞു.
ഈ വിഷയത്തെ ഗവർണർ – സർക്കാർ പോരായിട്ട് കാണണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവർണറെ കേരളത്തിലെ ഗവർമെന്റ് ബഹുമാനിക്കുന്നത് ഗവർണർ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും. ആ ഗവർണർ ഭരണഘടന തന്നെ ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളൂ മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പിൽ പോയി വിളക്ക് കത്തിക്കാൻ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.