കുന്നംകുളം:കരുവന്നൂർ ബാങ്ക് അഴിമതി കേസിൽ എംഎൽഎ എസി മൊയ്തീനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എസി മൊയ്തീൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുന്നംകുളം,കടവല്ലൂർ മണ്ഡലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എംഎൽഎ എസി മൊയ്തീന്റെ കുന്നംകുളത്തെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. ബാരികേടുകൾ മറിച്ചിടാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് പ്രതിരോധിച്ചു. പ്രതിഷേധം ശക്തമായതോടെ നിരവധി കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കുന്നംകുളത്തെ കോൺഗ്രസിന്റെ ആസ്ഥാനമായ ഇന്ദിരാഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് എംഎൽഎ എസി മൊയ്തീന്റെ ക്യാമ്പ് ഓഫീസിന് സമീപത്ത് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം മുൻ തൃശൂർ എംപി ടിഎൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പ്രസിഡണ്ട് അഡ്വക്കേറ്റ് സിബി രാജീവ് അധ്യക്ഷത വഹിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ സബ്ഇൻസ്പെക്ടർ വൈശാഖ്, ജാബിർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു.







