തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കും അയൽക്കൂട്ടം നടപ്പാക്കുന്നതായി റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപീകരിക്കാനാണ് നിർദേശം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനുകീഴിൽ സ്‌പെഷ്യൽ അയൽക്കൂട്ടങ്ങളുണ്ടാക്കാൻ മാർഗരേഖയും തയ്യാറാക്കിക്കഴിഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.കേരളവുമായി അന്യസംസ്ഥാന തൊഴിലാളികളെ സാംസ്‌കാരികമായി ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ബഹുഭാഷാ വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കും. അയൽക്കൂട്ടങ്ങൾക്ക് പുറമെ, കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെക്കൂടി ഉൾപ്പെടുത്താനും നിർദേശമുണ്ട്.ലൈഫ് മിഷൻ ഭവന പദ്ധതിയുടെ പട്ടികയിൽ ഒരു അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെട്ടതും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. 24 വർഷം മുൻപ് ഒഡീഷയിൽ നിന്ന് തൊഴിൽത്തേടി കേരളത്തിലെത്തിയ രാജേന്ദ്ര നായിക്കാണ് എറണാകുളം ജില്ലയിൽ വാഴക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.സംസ്ഥാനത്ത് 72 അന്യസംസ്ഥാന തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചതായുള്ള കണക്കുകളും പുറത്തുവന്നിരുന്നു. എഐടിയുസി നേതൃത്വം നൽകുന്ന നാഷണൽ മൈഗ്രന്റ് വർക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഇവർ. റേഷൻ കാർഡുകളും മറ്റ് രേഖകളും ഇവർക്ക് സ്വന്തമായുണ്ട്. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് വിവാഹങ്ങൾ നടന്നത്. ഇവരിൽ കൂടുതൽപ്പേരും പെരുമ്പാവൂരിലാണ് താമസിക്കുന്നത്. സംസ്ഥാനത്ത് മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ വോട്ടർ പട്ടികയിൽ അംഗങ്ങളായെന്നും യൂണിയൻ വ്യക്തമാക്കിയിരുന്നു.