അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ മെയ് 25നും 26നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം.പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിന്‍, മണ്ണിമാന്തിയന്ത്രങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ ആര്‍ടിഒക്ക് നിര്‍ദേശം നല്‍കി.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാംപ് ചെയ്യും. എല്ലാ താലൂക്കുകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐആര്‍എസ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. വഴിയോരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലുമുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി.റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മെയ് 24 രാവിലെ 10.30ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, സബ് കളക്ടര്‍മാര്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









