ന്യൂഡൽഹി: കേരളത്തിലെ വിവിധ വകുപ്പുകളിലെ എൽഡിസി തസ്തികകളിൽ ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നോട്ടീസയച്ച് സുപ്രീം കോടതി. കേസിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ഓരോ വകുപ്പിലും അഞ്ചു ശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഈ പരിധിക്കപ്പുറമായി നിയമനം ലഭിച്ചിട്ടുള്ളവരെ താത്കാലിക തസ്തിക രൂപീകരിച്ച് അതിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഭാവിയിൽ ഒഴിവുണ്ടാകുന്ന മുറയ്ക്ക് താത്കാലിക തസ്തികയിൽ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അഞ്ച് ശതമാനത്തിലധികം നിയമനം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിന് കണക്കെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ആശ്രിതനിയമനം ലഭിച്ചവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആശ്രിത നിയമനം ലഭിച്ചവരുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. സ്ഥിരം നിയമനം ലഭിച്ചവരെ താത്കാലിക തസ്തികയിലേക്ക് മാറ്റുമ്പോൾ അവരുടെ സീനിയോറിറ്റി നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ തൽസ്ഥിതി തുടരാനും സംസ്ഥാന സർക്കാരുൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസയക്കാനും സുപ്രീം കോടതി ഉത്തരവിട്ടത്.ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ എൽഡിസി തസ്തികളിൽ ആശ്രിത നിയമനം ലഭിച്ചവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകരായ ധീരജ് എബ്രഹാം, ഗോവിന്ദ് വേണുഗോപാൽ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.











