കോഴിക്കോട്: ആരാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്ന് അനൂസ് റോഷൻ. എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വിവരങ്ങൾ പുറത്തുവിടേണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും യുവാവ് വ്യക്തമാക്കി. ‘ഉപദ്രവിച്ചിട്ടൊന്നുമില്ല. പരിചയമില്ലാത്തവരാണ്. ആറുപേരുണ്ടായിരുന്നു. അവർ ഫോൺ ഉപയോഗിച്ചിരുന്നില്ല. കൊണ്ടോട്ടിയിലാണ് അവർ ഇറക്കിവിട്ടത്. ടാക്സി ഡ്രൈവർക്ക് പങ്കില്ല. മൂപ്പർക്ക് ഒന്നും അറിയില്ല.’- അനൂസ് റോഷൻ പറഞ്ഞു.
മേയ് 17ന് വെെകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയായിരുന്നു. പ്രതികളുടെ ലുക്ക്‌ഔട്ട് നോട്ടീസ് കഴിഞ്ഞദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പറും പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു.
ഇതിനിടെ അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. കൃത്യമായ സ്ഥലം മനസിലായിട്ടുണ്ടെന്നും അനൂസിനെ പ്രതികൾ ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു. മലപ്പുറം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് യുവാവിനെ പ്രതികൾ ഉപേക്ഷിച്ചത്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
പ്രതികൾ ആദ്യം അനൂസിന്റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് മാതാവ് ജമീല വെളിപ്പെടുത്തിയിരുന്നു. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിക്കവെയാണ് പ്രതികൾ അനൂസിന് നേരെ തിരിഞ്ഞത്. തട്ടിക്കൊണ്ടുപോകലിന് പിറകിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്. മൂന്ന് പേർക്കായി അനൂസിന്റെ സഹോദരൻ പണം നൽകാൻ ഉണ്ടെന്നും ഒരാൾക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും പൊലീസ് പറയുന്നു.