ഐപിഎല്ലിൽ ഈ സീസണിലെ അവസാന പ്ലേ ഓഫ് സ്ഥാനക്കാരാകാൻ മുംബൈ ഡൽഹി പോരാട്ടം ഇന്ന്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്. ഇന്നത്തെ മത്സരം ജയിക്കാനായാൽ മുംബൈക്ക് ഒരു കളി ബാക്കി നിൽക്കെ പ്ലേ ഓഫിൽ പ്രവേശിക്കാം. ഡൽഹി പുറത്താകുകയും ചെയ്യും.
ഇന്നത്തെ മത്സരം ഡൽഹിക്ക് ജീവന്മരണ പോരാട്ടമാണ്. ഇന്ന് ജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിലനിർത്താൻ സാധിക്കൂ. നിലവിൽ 14 പോയിന്റുള്ള മുംബൈയാണ് പോയിന്റ് പട്ടികയിൽ നാലാമതുള്ളത്. 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി.
ഇന്നത്തെ കളിയിൽ മുംബൈയെയും അവസാന കളിയിൽ പഞ്ചാബിനേയും തോല‍്പിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫിലെത്താൻ സാധിക്കൂ. പോയിന്റ് നിലയിൽ മുമ്പിലുണ്ടായിരുന്ന ഡൽഹിക്ക് അവസാന ആറ് കളിയിൽ നാലിലും തോറ്റതാണ് തിരിച്ചടിയായത്.
എന്നാൽ തുടർച്ചയായ ആറു ജയങ്ങളോടെയാണ് മുംബൈ പോയിന്റ് പട്ടികയിൽ മുകളിലേക്ക് എത്തിയത്. ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷമുള്ള രോഹിത്തിന്റെ ആദ്യ കളി കൂടിയാണ് ഇന്നത്തേത്.
ജസ്‌പ്രീത് ബുമ്രയും ട്രെന്റ് ബോൾട്ടും മികച്ച ഫോമിൽ പന്തെറിയുന്നതാണ് മുംബൈയുടെ കരുത്ത്. ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ഫോമിലാണ്. എന്നാൽ തിലക് വർമയുടെ മങ്ങിയ പ്രകടനമാണ് മുംബൈക്ക് തലവേദന.
പേസർ മിച്ചെൽ സ്‌റ്റാർക് തിരികെ ടീമിലെത്താത്തത് ഡൽഹിയുടെ കരുത്ത് ചോർത്തുന്നുണ്ട്. കെ എൽ രാഹുലും മികച്ച ഫോമിലാണ്. എന്നാൽ ബോളർമാർ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഡൽഹിയെ അലട്ടുന്ന പ്രധാന പ്രശ്നം.
ഐപിഎല്ലിൽ 36 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിരിക്കുന്നത് അതിൽ 20 തവണയും ജയം മുംബൈക്ക് സ്വന്തമായിരുന്നു. ഈ സീസണിൽ നടന്ന മത്സരത്തിലും മുംബൈ ഡൽഹിയെ തോൽപ്പിച്ചിരുന്നു.