ഒരുലക്ഷം കണക്ഷന്‍ പൂര്‍ത്തിയാക്കി കെ–ഫോണ്‍. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം. ഈ വര്‍ഷം അവസാനത്തോടെ രണ്ടര ലക്ഷം ഉപഭോക്താക്കളെന്ന ലക്ഷ്യത്തിലേക്ക് ഇനിയും ദൂരമേറെയാണ്. പതിനാലായിരം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനും പൂര്‍ത്തിയാക്കാനായിട്ടില്ല. എങ്കിലും ചുരുങ്ങിയ കാലത്തിനുളളില്‍ കേരളത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്‌വര്‍ക്കായി കെ–ഫോണ്‍ വളര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്ന് എം.ഡി ഡോ സന്തോഷ് ബാബു പറഞ്ഞു.
ഒരു ലക്ഷം കണക്ഷനെന്ന നാഴികക്കല്ല് ആഘോഷമായാണ് കെ.ഫോണ്‍ അധികൃതര്‍ സ്വീകരിച്ചത്. എം.ഡി ഡോ സന്തോഷ് ബാബുവിനൊപ്പം ഐ.ടി സ്പെഷ്യല്‍ സെക്രട്ടറിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 2023 ജൂണിലാണ് സ്വപ്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. തുടക്കത്തിലെ മന്ദതയ്ക്ക് ശേഷം പദ്ധതി ട്രാക്കിലായി തുടങ്ങി. അതിന്‍റെ ആദ്യ നേട്ടമാണ് ഒരു ലക്ഷം കണക്ഷന്‍സ്. ആദിവാസി ഊരുകളെ പൂര്‍ണമായി ഇന്‍റര്‍നെറ്റ് വത്കരിക്കാനുള്ള ദൗത്യമാണ് ഇനി കെ–ഫോണിന് മുന്നിലുള്ളത്.
അതേസമയം കെഫോണിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പലതും ഇപ്പോഴും അകലെയാണ്. ഓരോ നിയമസഭ മണ്ഡലത്തിലും 100 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്, അങ്ങനെ 14000 സൗജന്യ കണക്ഷനെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടില്ല. 11402 സൗജന്യ കണക്ഷനുകളാണ് ഇതുവരെ നല്‍കിയത്. 70000 സൗജന്യ കണക്ഷനുകളാണ് പുതിയ ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ രണ്ടര ലക്ഷം കണക്ഷന്‍സെന്ന ലക്ഷ്യത്തിലേക്കും ദൂരം ഏറെയാണ്.








