ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടെന്ന ആരോപിച്ച് നിരവധി പേർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 11 പേരെയാണ് അറസ്റ്റ് ചെയ്തത്. സെൻസിറ്റീവായ വിവരങ്ങൾ ചോർത്തിയതിന് ഹരിയാനക്കാരിയായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ, ആപ്പ് ഡെവലപ്പർ, വിദ്യാർത്ഥികൾ, സാധാരണക്കാർ എന്നിവരടക്കമാണ് ചാരവൃത്തിയുടെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് 11 അറസ്റ്റുകൾ നടന്നിരിക്കുന്നത്.ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ‘ട്രാവൽ വിത്ത് ജോ’ എന്ന 3.85 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിൻ്റെ ഉടമയാണ് ജ്യോതി മൽഹോത്ര. ഇന്ത്യ-പാകിസ്താൻ സംഘർഷം നടക്കുന്നതിനിടെ ഇവർ പാകിസ്താൻ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് 2023, 2024, 2025 മാർച്ച് എന്നിങ്ങനെ മൂന്ന് തവണ ജ്യോതി മൽഹോത്ര പാകിസ്താനിലേയ്ക്ക് യാത്ര ചെയ്തിരുന്നു. പാകിസ്താൻ ഹൈക്കമ്മീഷൻ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഡാനിഷിനെ ഇന്ത്യ അടുത്തിടെ പുറത്താക്കിയിരുന്നു.ജ്യോതി മൽഹോത്ര പാകിസ്താനിലേയ്ക്കും കശ്മീരിലേക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്തിയ സന്ദർശനങ്ങളും സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. നിർദ്ദിഷ്ട സ്ഥലങ്ങളോ ഉള്ളടക്കമോ ഉൾക്കൊള്ളുന്ന യാത്രാ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.









