മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതിയെ പൊലീസ് പിടികൂടിയത് സുകുമാരക്കുറുപ്പ് മോഡൽ തന്ത്രം പൊളിച്ച്. മരിച്ചെന്നു പത്രവാർത്ത നൽകി കൊടൈക്കനാലിൽ ഒളിവിൽ കഴിയുമ്പോഴാണ് കുമാരനല്ലൂർ മയാലിൽ എം.ആർ.സജീവ് (സുബി–41) പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 2023ൽ കോട്ടയം ചൈതന്യ ഫിനാൻസിന്റെ പനമ്പാലം, കുടമാളൂർ ശാഖകളിൽ നിന്ന് 4.5 ലക്ഷം രൂപ തട്ടിയെന്നാണു കേസ്. തുടർന്ന് ചെന്നൈയിലേക്കു പോയ പ്രതി സ്വന്തം ചരമവാർത്ത ഒരു പത്രത്തിൽ വരുത്തി
പണയസ്വർണം തിരിച്ചെടുക്കാതെ വന്നപ്പോഴാണ് ധനകാര്യ സ്ഥാപനം സ്വർണം പരിശോധിച്ചത്. ആൾ മരിച്ചു എന്നും ചെന്നൈ അഡയാറിൽ സംസ്കാരം നടന്നെന്നും വീട്ടുകാർ ഉൾപ്പെടെ പറഞ്ഞതോടെ പൊലീസിൽ പരാതി നൽകി. സജീവിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീടും ഇവർക്കു വരുന്ന ഫോൺ കോളുകളും 2024 നവംബർ മുതൽ നിരീക്ഷിച്ചാണ് ഗാന്ധിനഗർ പൊലീസ് സജീവ് ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നു കൊടൈക്കനാലിൽനിന്നു പിടികൂടുകയായിരുന്നു
സുകുമാരക്കുറുപ്പ് കേസിലേതിനു സമാനമായ രീതിയിൽ ആൾമാറാട്ടത്തട്ടിപ്പാണ് സജീവും പരീക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ചുപോയി എന്ന രേഖയുണ്ടാക്കാനാണ് പത്രത്തിൽ വാർത്ത നൽകിയത്. ചരമവാർത്തയിൽ നാട്ടിലെ വിളിപ്പേരു ചേർത്തു. വാർത്തയിലെ ചിത്രത്തിനായി മാത്രം ഇയാൾ മീശ വളർത്തി. മുക്കുപണ്ടം പണയം വച്ച് രണ്ടു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുകൂടി ഇയാൾ പണം കൈക്കലാക്കിയിട്ടുണ്ട്. ഒരിടത്തുനിന്നു മാത്രം ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടി. അടുത്ത സ്ഥാപനം പരാതി നൽകിയിട്ടില്ല. 15,000 രൂപ വരെ ചെലവഴിച്ച് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടമാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്
കെട്ടിടനിർമാണ കരാറുകാരനായിരുന്ന ഇയാൾ ചലച്ചിത്രമോഹവും കൊണ്ടുനടന്നിരുന്നു. തട്ടിപ്പുപണം ഇതിനായും ചെലവഴിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കൊടൈക്കനാലിൽനിന്നു പിടികൂടുമ്പോൾ ഇയാൾ സിനിമ സെറ്റിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് ഇൻസ്പെക്ടർ ടി. ശ്രീജിത്ത്, എസ്ഐമാരായ എം.എച്ച്. അനുരാജ്, എസ്. സത്യൻ, എസ്‌സിപിഒ രഞ്ജിത്ത്, സിപിഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്







