കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ വരുന്നതിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുക പിരിച്ച് ഒരുവിഭാഗം തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സ്വർണവ്യാപാരി സംഘടനയായ എകെജിഎസ്‌എംഎ. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്‌ദുൾ നാസർ, ട്രഷറർ സി വി കൃഷ്‌ണദാസ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
മെസിയും സംഘവും എത്തുന്നതിന്റെ ചെലവുകൾ വഹിക്കാമെന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വൻതുക പിരിച്ചെടുത്ത എകെജിഎസ്‌എംഎ ജസ്റ്റിൻ പാലത്തറ വിഭാഗം നടത്തിയ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.കായിക മന്ത്രിയെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വർണ വ്യാപാര മേഖലയിൽ നിന്ന് ജസ്റ്റിൻ പാലത്തറ വിഭാഗം കോടികൾ പിരിച്ചെടുത്തെന്നും തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത് തങ്ങളാണ് മെസിയെ കൊണ്ടുവരുന്നതെന്ന് ജസ്റ്റിൻ വിഭാഗം പ്രചരണം നടത്തി. ഇതിന്റെ ഭാഗമായി ആറുമാസം നീണ്ടുനിൽക്കുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ‘ഒലോപ്പോ’എന്ന് ആപ്പ് നിർമിച്ചു. ആപ്പിലൂടെ 10,000 രൂപ അംഗത്വ ഫീസ് സ്വീകരിച്ച് ഒട്ടേറെ ജ്വല്ലറികളിൽ നിന്ന് പണം തട്ടിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.