സ്ത്രീ ജീവിതത്തെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തിച്ചത് കുടുംബശ്രീയാണെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ ആരംഭിക്കുമ്പോൾ ദാരിദ്ര്യ നിർമർജ്ജനം ആയിരുന്നു ലക്ഷ്യം വച്ചത്. 2025 നവംബറോടെ ഇന്ത്യയിൽ ആദ്യത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം ആവുകയാണ് എന്നും മന്ത്രി പറഞ്ഞു. 27-ാംമത് കുടുംബശ്രീ വാർഷിക ആഘോഷവും കെ ലിഫ്റ്റ് പദ്ധതി ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
‘ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സംഭാവനകളാണ് കുടുംബശ്രീ ചെയ്തിരിക്കുന്നത്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വളരെ പ്രധാനപെട്ട ഇടപെടൽ ആണ് പ്രസ്ഥാനം നടത്തിയത്. മൂന്നു ലക്ഷത്തിൽ പരം ആളുകൾക്ക് ഉപജീവനമാർഗം സൃഷ്ടിക്കാൻ കഴിഞ്ഞു. 176 മേഖലയിൽ കെ ലിഫ്റ്റ് ഉപജീവന പദ്ധതികൾ ആരംഭിച്ചു. ഇത് കൂടുതൽ പ്രചോദനം നൽകും.
ഒന്നര ലക്ഷത്തിലധികം സംരംഭക യൂണിറ്റുകൾ ആരംഭിച്ചു. കുടുംബശ്രീ സ്മാർട്ട് ആയി മാറിയത് കാണാൻ കഴിയും. കേരള ജീവിതത്തിലെ എല്ലാ മേഖലയിലും മായ്ക്കാൻ ആവാത്ത മുദ്രകൾ ആണ് പതിപ്പിച്ചത്. ചിറക് മുളച്ച് പറക്കാൻ തുടങ്ങിയിരിക്കുകയാണ് കുടുംബശ്രീ. മുണ്ടക്കൈ ദുരന്ത മേഖലയിൽ മൈക്രോ പ്ലാനുകൾ കുടുംബശ്രീ ആരംഭിച്ചു. അഭിമാനകരമായ കാര്യമാണത്.
അടുത്ത വർഷം കുടുംബശ്രീയിലൂടെ ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും. കുടുംബശ്രീയുടെ ചരിത്രത്തിൽ നിർണായകമായ വർഷം ആയിരിക്കും അടുത്ത വർഷം. കുടുംബശ്രീയെ മറ്റൊരു തലത്തിലേക്ക്, വേറെ ലെവൽ ആക്കി ഉയർത്താനുള്ള വർഷമാണത്’- മന്ത്രി എം ബി രാജേഷ്.