തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ റിമാൻഡിലായ അഡ്വ. ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചു. ബെയ്ലിന് ഉപാധിയോടെ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബെയ്‌ലിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പൊലീസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി പരിശോധിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വിധിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഇതിനിടയിൽ ബാർ അസോസിയേഷനിലെ സഹപ്രവർത്തകർ കൂടെ നിൽക്കില്ലെന്നും മർദ്ദനമേറ്റ ശ്യാമിലി പ്രതികരിച്ചിരുന്നു. ബാർ അസോസിയേഷൻ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്യാമിലി വൈകാരിക പ്രതികരണം നടത്തിയത്. ഇതിന്റെ ശബ്ദശകലം സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.
ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ എനിക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നു. എനിക്ക് പറ്റിയത് എന്തെന്ന് എന്റെ മുഖത്തുണ്ട്. എന്റെ കാലുകൊണ്ട് മുഖത്ത് അടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായ പ്രകടനം. സഹപ്രവർത്തകർ കൂടെ നിൽക്കില്ലെന്ന് ബോദ്ധ്യമായി. ഇവരുടെയൊക്കെ വേണ്ടപ്പെട്ടവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ എന്നായിരുന്നു അഭിഭാഷകരുടെ വാട്സാപ് ഗ്രൂപ്പിലെ ശ്യാമിലിയുടെ പ്രതികരണം.ഇപ്പോൾ ശബ്ദശകലത്തിൽ മാദ്ധ്യമങ്ങളോട് വ്യക്തത വരുത്തിയിരിക്കുകയാണ് ശ്യാമിലി. ഒരു ഇര എന്ന നിലയിൽ സഹിക്കാൻ കഴിയാത്ത പ്രതികരണങ്ങൾ വന്നതുകൊണ്ടാണ് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.
‘700ൽ അധികം അഭിഭാഷകരുളള ഗ്രൂപ്പിലാണ് എനിക്കെതിരെ ചില ആരോപണങ്ങളുണ്ടായത്. അതിന് ഞാൻ കൊടുത്ത മറുപടിയാണ് വ്യാപകമായി പ്രചരിച്ചത്. ആരാണ് അതിനുപിന്നിലെന്ന് അറിയില്ല. ഞാൻ ആ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടുണ്ട്. കേസിലെ പ്രതിയുടെ സുഹൃത്തുക്കളായിരിക്കും അത്തരത്തിൽ ചെയ്തത്.ബാർ അസോസിയേഷൻ എനിക്കെതിരെ നിൽക്കുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഭാരവാഹികൾ എനിക്കെതിരെ പറഞ്ഞിട്ടില്ല. സഹതാപം കിട്ടുന്നതിനായി മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വന്നിട്ടില്ല. അഭിഭാഷക സമൂഹം എനിക്കൊപ്പം നിൽക്കില്ലയെന്ന് പറഞ്ഞത് അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണ്. ഒരു ഇര എന്ന നിലയിൽ സഹിക്കാൻ കഴിയാത്ത വാക്കുകൾ ഗ്രൂപ്പിലെ ചിലർ പറഞ്ഞിരുന്നു. ആരുടെയും പേര് പറയാത്തത് പേടി കൊണ്ടല്ല’- ശ്യാമിലി പ്രതികരിച്ചു.