ഉദ്ഘാടനത്തിനൊരുങ്ങി വി ടി ഭട്ടതിരിപ്പാടിന്റെ സ്മരണയ്ക്കായി നിർമിച്ച സാംസ്‌കാരിക സമുച്ചയം. മെയ് 18ന് മുഖ്യമന്ത്രി സാംസ്‌കാരിക സമുച്ചയം നാടിന് സമർപ്പിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയാണ് സാംസ്‌കാരിക സമുച്ചയം നിർമിച്ചിരിക്കുന്നത്. ജില്ലയ്ക്ക് ഒന്നാം പിണറായി സർക്കാർ സമ്മാനിച്ച അസുലഭ മന്ദിരം കൂടിയാണ് വി ടി സ്മാരകം.എക്‌സിബിഷൻ, പെർഫോമൻസ് സെൻ്ററുകൾ, ഓപ്പൺ എയർ തിയറ്റർ എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളായാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. നാടകശാല, സിനിമ ഹാൾ, നൃത്ത -സംഗീത ശാല, ഗാലറി, ചർച്ചകൾക്കും സെമിനാറുകൾക്കും ഹാളുകൾ, എന്നിവയും സമുച്ചയത്തിലുണ്ട്. എല്ലാ ജില്ലകളിലെയും കലാകാരന്മാർക്ക് വന്ന് താമസിച്ച് കലാപ്രവർത്തനം നടത്താനുള്ള സൗകര്യവുമുണ്ടെന്ന് സ്വാഗത സംഘം കൺവീനർ ടിആർ അജയൻ പറഞ്ഞു.പാലക്കാട് മെഡിക്കൽ കോളേജിനുസമീപം കിഫ്ബിയുടെ 68 കോടി 43 ലക്ഷം രൂപ ചെലവഴിച്ചാണ് വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയം നിർമിച്ചിരിക്കുന്നത്.എ കെ ബാലൻ സാംസ്‌കാരിക മന്ത്രിയായിരിക്കെയാണ് എല്ലാ ജില്ലകളിലും സാംസ്കാരിക നായകൻമാരുടെ പേരിൽ സാംസ്കാരിക കേന്ദ്രം അനുവദിച്ചത്.











