ഹരിയാനയിലെ സിർസയിൽ പാക്കിസ്ഥാന്റെ മിസൈൽ തകർത്ത് ഇന്ത്യ. ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. ഡൽഹിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സിർസ. ഡൽഹി ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ മിസൈലാക്രമണശ്രമമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനു മറുപടിയായാണ് പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്
തുടർച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാൻ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകൾ രാജ്യത്ത് 26 ഇടങ്ങളിൽ കണ്ടെത്തിയതായാണു വിവരം. വടക്ക് ബാരാമുള്ള മുതൽ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകൾ കണ്ടെത്തിയത്. രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെയാണ് വീണ്ടും പാക്ക് പ്രകോപനം. വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ രാവിലെ പത്തരയ്ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്