തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് സി പി എമ്മിലെത്തിയ ഡോ. പി സരിന് നിർണായക പദവി നൽകി സർക്കാർ. വിജ്ഞാന കേരളം ഉപദേശകനായിട്ടാണ് നിയമിച്ചത്. 80,000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.
സരിൻ കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കോൺഗ്രസ് വിട്ട് സി പി എമ്മിൽ അഭയം തേടിയത്. സരിന്റെ സി പി എം പ്രവേശനം ഏറെ ചർച്ചയാകുകയും ചെയ്തു.
ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എൽ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുകയും ചെയ്‌തിട്ടുണ്ട്. സരിന് വിജയിക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമേ സാധിച്ചിരുന്നുള്ളൂ.
എന്നിരുന്നാലും നിർണായകമായ ഒരു തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന സരിനെ ചേർത്തുപിടിച്ചിരിക്കുകയാണ് സി പി എം. സിവിൽ സർവീസ് നേടിയ ആളായതിനാൽത്തന്നെ സരിന് പുതിയ ചുമതലകൾ നന്നായി കൊണ്ടുപോകാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.







