പൂരം നാളുകളിൽ തൃശ്ശൂരിലേക്ക് ആനയൊഴുക്കാണ്. തൃശ്ശൂർ പൂരത്തിനു പുറമേ കാട്ടകാമ്പാൽ പൂരം കൂടിയാകുമ്പോൾ സംസ്ഥാനത്തെ ഒട്ടുമിക്ക ആനകളും തൃശ്ശൂരിലേക്ക് എത്തും. 110 ആനകൾ ജില്ലയിലെത്തുമെന്നാണ് ഏകദേശകണക്ക്. ആകെ ഇരുന്നൂറോളം എഴുന്നള്ളിപ്പാനകൾ മാത്രമുള്ള സമയത്താണ് നൂറിലേറെ ആനകൾ ജില്ലയിൽ മാത്രമെത്തുന്നത്. നിരവധി ആനകൾ നീരുമൂലവും മറ്റും ഒഴിഞ്ഞുനിൽക്കുമ്പോഴാണിത്.ചൊവ്വാഴ്ചയാണ് തൃശ്ശൂർ പൂരം.
ബുധനാഴ്‌ച കാട്ടകാമ്പാൽ പൂരം ആഘോഷിക്കും. തൃശ്ശൂർ പൂരത്തിനുമാത്രം നിലവിലെ സ്ഥിതിയിൽ 85 ആനകളാണ് വരുക. ഇത്രയും ആനകളുടെ ഏകദേശപട്ടികയാണ് തയ്യാറായിരിക്കുന്നത്. കാട്ടകാമ്പാൽ പൂരത്തിന് 32 ആനകളുടെ സാധ്യതാപട്ടികയാണ് നിലവിൽ തയ്യാറായിരിക്കുന്നത്. ചില ആനകൾ രണ്ട് പട്ടികയിലും ഇടംനേടിയിട്ടുണ്ട്.ഏഴിന് ഉച്ചമുതലാണ് കാട്ടകാമ്പാലിൽ എഴുന്നള്ളിപ്പ്. നാൽപ്പതോളം പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എഴുന്നള്ളിപ്പുകൾ. എണ്ണംപറഞ്ഞ നിരവധി ആനകൾ തൃശ്ശൂർ പൂരത്തിന് എത്തുന്നുണ്ട്. പാറമേക്കാവിന് തിടമ്പേറ്റാൻ ഗുരുവായൂർ നന്ദനാണ് എത്തുക. തിരുവമ്പാടിയിൽ തിരുവമ്പാടി ചന്ദ്രശേഖരനും. തെക്കേഗോപുരനട തുറക്കാൻ നെയ്തലക്കാവിലമ്മയുമായി എത്തുക എറണാകുളം ശിവകുമാറാണ്.ചെമ്പുക്കാവ് ഭഗവതിയുമായി പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു. ഇതു കൂടാതെ ഊക്കൻ കുഞ്ചു, വൈലാശ്ശേരി അർജുനൻ തുടങ്ങിയ മറ്റു തലപ്പൊക്കങ്ങളും തൃശ്ശൂർ പൂരത്തിനെത്തുന്നുണ്ട്.
കാട്ടകാമ്പാൽ പൂരത്തിനും പ്രധാന തലപ്പൊക്കങ്ങൾ എത്തുന്നുണ്ട്. തൃക്കടവൂർ ശിവരാജുവും പുതുപ്പള്ളി കേശവനും ഇവിടെ എത്തുന്നുണ്ട്. കുട്ടംകുളങ്ങര അർജുനൻ, ചെർപ്പുളശ്ശേരി അനന്തപദ്‌മനാഭൻ, കീഴൂട്ട് വിശ്വനാഥൻ, ഊട്ടോളി രാമൻ, പുതുപ്പള്ളി സാധു, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ നീളുന്നതാണ് പട്ടിക.നാൽപ്പതിലധികം വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘമാണ് തൃശ്ശൂർ പൂരത്തിന്റെ ആനപരിശോധനയ്ക്ക് ഇറങ്ങിയത്. ഇതു കൂടാതെ വനംവകുപ്പുദ്യോഗസ്ഥരും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും ഉണ്ടാകും. ആരോഗ്യസംബന്ധമായവ വെറ്ററിനറി ഡോക്ടർമാരും ആനകളുടെ രേഖകൾ സംബന്ധിച്ച കാര്യങ്ങൾ വനംവകുപ്പുദ്യോഗസ്ഥരും പരിശോധിക്കും. ആനപരിശോധന ഞായറാഴ്ച ആരംഭിച്ചു. എറണാകുളം ശിവകുമാറിനെ പരിശോധിച്ചായിരുന്നു ഉദ്ഘാടനം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും പരിശോധിച്ചു.
എഴുന്നള്ളിക്കാൻ അനുമതി നൽകുകയും ചെയ്തു. പത്തോളം സംഘങ്ങളായാണ് പരിശോധന. ഓരോ സംഘത്തിലും മൂന്നോ നാലോ ഡോക്ടർമാർ ഉണ്ടായിരിക്കും.മൈക്രോചിപ്പ്, ഓണർഷിപ്പ് തുടങ്ങിയവയാണ് വനംവകുപ്പ് പരിശോധിക്കുക. ആനയുടെ മൊത്തം ആരോഗ്യസ്ഥിതി ഡോക്ടർമാർ പരിശോധിക്കും. കാര്യമായ മുറിവുള്ളവയെ ഒഴിവാക്കും. അപകടം വരുത്തിവെച്ച ആനകളെയും ഒഴിവാക്കും. പരിചയസമ്പന്നരായ ആനകൾക്കാണു മുൻഗണന നൽകുക.











