തൃശൂർ: പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരമായി. ഉച്ചയ്‌ക്ക് 12.15ഓടെ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്നതോടെ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂര ആഘോഷങ്ങൾക്ക് തുടക്കമായി. ഘടകപൂരങ്ങൾക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്‌തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കൽപ്പം. ഇത് ആറാം തവണയാണ് എറണാകുളം ശിവകുമാർ പൂര വിളംബരം ചെയ്യുന്നത്.
ആയിരങ്ങളെ സാക്ഷിയാക്കിയാണ് തെക്കേ ഗോപുര വാതിൽ തുറന്ന് നെയ്‌തലക്കാവിലമ്മ പൂരം വിളംബരം ചെയ്‌തത്. നിരവധിപേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെക്കേ ഗോപുരനട തുറക്കുന്നതിന് സാക്ഷ്യംവഹിക്കാനായി എത്തിയത്. തുടർന്ന് മേളം അരങ്ങേറി. ഇന്നലെ രാവിലെ ആരംഭിച്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ചമയ പ്രദർശനം ഇന്ന് അവസാനിക്കും. ഇന്നലെ വൈകിട്ട് സ്വരാജ് റൗണ്ടിലെ പന്തലിൽ ലൈറ്റ് തെളിയിച്ചു. ഏഴ് മണിയോടെ ആദ്യം തിരുവമ്പാടിയും പിന്നാലെ പാറമേക്കാവും സാമ്പിൾ വെടിക്കെട്ടിന് തീകൊളുത്തി. ആഘോഷത്തിന് തടസമാകുന്ന ഒരു നിയന്ത്രണങ്ങളും ഇത്തവണ ഉണ്ടാകില്ലെന്ന് തൃശൂർ കളക്‌ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.