തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തർജ്ജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാർ. പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിയാത്തതാണ് പിഴവിന് പിന്നിലെന്നാണ് ജയകുമാർ വിശദീകരിച്ചത്. താനൊരു ഹിന്ദി അധ്യാപകനാണെന്നും പരിഭാഷാരംഗത്ത് വർഷങ്ങളുടെ പരിചയമുണ്ടെന്നും ജയകുമാർ പ്രതികരിച്ചു.”വർഷങ്ങളായി ഞാൻ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നു. വന്ദേ ഭാരത് ഉദ്ഘാടന സമയത്തും ഞാനാണ് പരിഭാഷ ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രസംഗത്തിന്റെ കോപ്പി ലഭിച്ചിരുന്നു. പ്രസംഗത്തിനിടയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകുമെന്നും ഓഫീസിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രി വരുന്നതിനുമുമ്പുതന്നെ ശബ്ദക്രമീകരണത്തിലെ പ്രശ്നം മൈക്ക് ഓപ്പറേറ്ററോട് മന്ത്രിമാർ പറഞ്ഞിരുന്നു. എനിക്ക് നൽകിയ സ്ക്രിപ്റ്റിലെ മാറ്റങ്ങൾ ശ്രദ്ധയോടെ പ്രധാനമന്ത്രിയെ കേട്ട് ഞാൻ പരിഭാഷപ്പെടുത്തി. ഒരു സ്ഥലത്ത് അദ്ദേഹം പറഞ്ഞത് എനിക്ക് ശരിക്ക് കേൾക്കാൻ സാധിച്ചില്ല. എനിക്ക് തെറ്റുപറ്റിയത് അദ്ദേഹത്തിന് മനസ്സിലായി. ക്ഷമാപണം നടത്തി തിരുത്താൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി”, പള്ളിപ്പുറം ജയകുമാർ വ്യക്തമാക്കി.
ഹിന്ദി അറിയാവുന്ന ഒരുപാട് പേർ വേദിയിലുണ്ടായിരുന്നെന്നും തെറ്റുപറ്റിയത് അവർക്ക് മനസിലായെന്നും ജയകുമാർ കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ വിഷമായതുകൊണ്ടാണ് വിവാദമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഒരു ബിജെപി അനുഭാവിയാണെന്നും മോദിയുടെ ആരാധകനാണെന്നും പള്ളിപ്പുറം ജയകുമാർ വ്യക്തമാക്കി.