അഞ്ചുതവണ ഐപിഎല്‍ ചാംപ്യന്‍മാരായിരുന്നതിന്‍റെ ഒരു ആത്മവിശ്വാസവുമില്ലാതെയാണ് ഇക്കുറി ചെന്നൈ സൂപ്പര്‍കിങ്സ് ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചത്. പത്തു മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈയ്ക്ക്. ഹോം ഗ്രൗണ്ടില്‍ നാലുവിക്കറ്റിനാണ് തല ധോണിയുടെ ടീം പഞ്ചാബ് കിങ്സിനോട് തോറ്റത്. 47 പന്തില്‍ 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയ്ക്ക് മെച്ചപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്‍റെ വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു.
2008,2012 സീസണുകളില്‍ ഹോം ഗ്രൗണ്ടില്‍ നാലുവട്ടമാണ് ചെപ്പോക്കില്‍ ചെന്നൈ തോറ്റതെങ്കില്‍ ഇക്കുറി ആ നാണക്കേട് അഞ്ചായി ഉയര്‍ന്നു. ഐപിഎല്‍ ചരിത്രത്തിലും ഇതാദ്യമാണ്. ആര്‍സിബി, ഡല്‍ഹി, കൊല്‍ക്കത്ത, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ഹോം ഗ്രൗണ്ടില്‍ ചെന്നൈ തോറ്റത്. ചിരവൈരികളായ മുംബൈയെ തുടക്കത്തില്‍ തോല്‍പ്പിച്ചത് മാത്രമാണ് ചെന്നൈക്ക് ആശ്വാസം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്







