ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം ശ്രീനാഥ് ഭാസിയെ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലീമ സുൽത്താനയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ‘ഹൈബ്രിഡ്’ വേണോ എന്ന ചോദ്യത്തിന് ‘WAIT’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് നൽകിയ മറുപടി. കേസിൽ പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്നാണ് എക്സൈസ് വിലയിരുത്തൽ.
കഴിഞ്ഞദിവസം നടൻ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി അടക്കം 5 പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരുടെ പങ്ക് വ്യക്തമാകാത്തതിനെ തുടർന്ന് ചോദ്യം ചെയ്ത ശേഷം വിട്ട് അയക്കുകയായിരുന്നു. ഈ മാസം ആദ്യമാണ് മാരാരിക്കുളത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയും കൂട്ടാളി ഫിറോസും എക്സൈസിന്റെ പിടിയിലാകുന്നത്.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളായ തസ്ലീമ സുൽത്താന, ഫിറോസ്, സുൽത്താൻ അക്ബർ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.