എടപ്പാൾ:വാദ്യകലകൾക്കായി രണ്ടു പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന സോപാനം പഞ്ചവാദ്യം സ്‌കൂളിന് സ്വന്തം കെട്ടിടമാകുന്നു.കണ്ടനകം നീലകണ്‌ഠേശ്വര ക്ഷേത്രത്തിനോട് ചേർന്ന സ്ഥലത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു.വാദ്യകലക്ക് മാത്രം ഒരു സർവകലാശാലയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സോപാനത്തിന് ഇക്കാര്യത്തിൽ തന്നെക്കൊണ്ടാകുന്ന എല്ലാ സഹായവും നൽകുമെന്ന് തറക്കല്ലിട്ടശേഷം മട്ടന്നൂർ പറഞ്ഞു.കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു അധ്യക്ഷനായി.പഞ്ചവാദ്യ കലാകാരനും കേരള കലാമണ്ഡലം വിസിറ്റിങ് പ്രൊഫസറുമായിരുന്ന കരിയന്നൂർ നാരായണൻ നമ്പൂതിരി, കാലടി സംസ്‌കൃതം സർവകലാശാല മുൻ പ്രൊഫസറും പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സി.എൻ. നീലകണ്ഠൻ,കുറുങ്ങാട് വാസുദേവൻ നമ്പൂതിരി,വെളുത്താട്ട് രതീശൻ നമ്പൂതിരി, സോപാനം ഡയറക്ടർ
സന്തോഷ് ആലങ്കോട്, പി.ടി. അപ്പു, കെ.പി. ശ്രീദേവി, ഇരിങ്ങപ്പുറം ബാബു, പ്രകാശ് മഞ്ഞപ്ര, ഉണ്ണി ശുകപുരം,വേണുഗോപാൽ കാവിൽ കളത്തിൽ,സിന്ധു ദിവാകരൻ,ശ്രീവിദ്യ വാസുദേവൻ, സബിത സുധീഷ് എന്നിവർ പ്രസംഗിച്ചു.