എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ഇതിനകം ഒരു കോടിയുടെ പ്രീ സെയ്ൽസ് നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്ത ഒരു മണിക്കൂറിൽ അത് 10,000 ടിക്കറ്റുകള്‍ എന്ന നിലയിൽ ഉയർന്നു. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുകയാണ്. വരും മണിക്കൂറിൽ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് നിരക്കിലേക്ക് ഉയരാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.