തൃശ്ശൂർ: ഏറെ ആശിച്ചുവാങ്ങിയ സൈക്കിൾ ഏതാനുംദിവസം ചവിട്ടാനേ അലന് സാധിച്ചിരുന്നുള്ളൂ. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച അലൻ (15) ഈ ലോകത്തോട് യാത്രപറഞ്ഞു. പക്ഷേ, അവന്റെ കണ്ണുകൾ ഇനിയും ലോകത്തിന് വെളിച്ചം പകരും. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾ കൈമാറാൻ ബന്ധുക്കൾ സമ്മതമറിയിച്ചെങ്കിലും സോഡിയംനില നിയന്ത്രിക്കാൻ കഴിയാതിരുന്നതിനാൽ സാധിച്ചില്ല.
തൃശ്ശൂർ പരിയാരം കാവുങ്ങൽ ഷൈബുവിന്റെയും വിൻസിയുടെയും മകനാണ് അലൻ. പരിയാരം സെയ്ന്റ് ജോർജസ് സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി. എതാനും ദിവസം മുൻപാണ് അലനും പ്ലസ് വൺ വിദ്യാർഥിയായ സഹോദരി ഏയ്ഞ്ചലിനും വീട്ടുകാർ സെക്കൻഹാൻഡ് സൈക്കിൾ വാങ്ങി നൽകിയത്. ദുഃഖവെള്ളിയാഴ്ച ദിവസം സൈക്കിളിൽ പോകവേ അലനെ നിയന്ത്രണംവിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
കുടുംബത്തിന്റെ ആവശ്യപ്രകാരം അവയവദാനത്തിന് നിയമനടപടി പൂർത്തീകരിച്ച് മൃതദേഹം ആശുപത്രിക്ക് കൈമാറി. എന്നാൽ കൂടിയ സോഡിയത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമം ഫലപ്രദമായില്ല. തുടർന്ന് കണ്ണുകൾ മാത്രം ദാനംചെയ്യുകയായിരുന്നു.
പിതാവ് ഷൈബു കെഎസ്ഇബിയിൽ കരാർത്തൊഴിലാളിയാണ്. മൃതദേഹം ബുധനാഴ്ച രാവിലെ 8.45-ന് സെയ്ന്റ് ജോർജസ് ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം രാവിലെ 10-ന് പരിയാരം സെയ്ന്റ് ജോർജസ് പള്ളി സെമിത്തേരിയിൽ.