ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒരാൾ മലയാളിയാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് വെടിയേറ്റ് മരിച്ചത്. മകളുടെ മുന്നിൽവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മരിച്ചവരിൽ രണ്ട് പേര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ന് രാവിലെയാണ് രാമചന്ദ്രനും കുടുംബവും പഹൽഗാമിലെത്തിയത്. നിരവധിപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തി. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. ബുധനാഴ്ച അദ്ദേഹം ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കും.
ശ്രീനഗറില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നു. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ഏഴ് പേരടങ്ങുന്ന സംഘമെന്ന് സൈന്യം.
രണ്ട് വിദേശികളും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടുവെന്ന് വിവരം.
മരിച്ച വിദേശികളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍.
ജമ്മു കാശ്മീരില്‍ സുരക്ഷ ശക്തമാക്കി, വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കി സുരക്ഷാ സേന.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്.
പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.
വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.