പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഏപ്രിൽ 23ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഇരുന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഇരുന്നൂറ്റിയഞ്ച് ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത്. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കും.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്.