കൊച്ചി: സർവരെയും ഹൃദയത്തോട് ചേർത്തുനിർത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി. ലോകത്തിന് കുലീനനായ ഒരു ആത്മാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മമ്മൂട്ടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മാർപാപ്പയെ അനുസ്മരിച്ചത്. ‘ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നും നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’ -മമ്മൂട്ടി കുറിച്ചു
വത്തിക്കാനിലെ വസതിയിൽ തിങ്കളാഴ്ച പ്രാദേശിക സമയം 7.35നായിരുന്നു (ഇന്ത്യൻ സമയം 11.05) മാർപാപ്പയുടെ അന്ത്യം. മാനുഷിക മൂല്യങ്ങളിലൂടെ ലോകത്തിന്റെ ആദരവ് നേടിയ പാപ്പ ലളിതജീവിതം പിന്തുടർന്നു. വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലായിരുന്നു താമസം. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നെങ്കിലും ഈസ്റ്ററിന് പാപ്പ അൽപസമയം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ വിശ്വാസികൾക്ക് അനുഗ്രഹം നൽകിയിരുന്നു. ഗസ്സയിൽ വെടിനിർത്തണമെന്ന് അവസാന അനുഗ്രഹ പ്രഭാഷണത്തിലും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂമോണിയ ബാധിച്ച് 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം മാർച്ച് 23നാണ് തിരിച്ചെത്തിയത്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്