നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ പരാതിയിൽ ‘സൂത്രവാക്യം’സിനിമയുടെ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്ക് (ഐസിസി) മൊഴി നൽകി നടി വിൻ സി അലോഷ്യസ്. നടനെതിരെ നിയമനടപടിക്കില്ലെന്ന് വിൻ സി ആവർത്തിച്ചു. പരാതിയിലെ വിവരങ്ങൾ പുറത്തു വന്നതിൽ അതൃപ്തിയുണ്ടെന്നും താനും ഷൈനും ഒറ്റയ്ക്കാണ് മൊഴി നൽകിയതെന്നും വിൻ സി മാധ്യമങ്ങളോട് പറഞ്ഞു. ഇന്റേണൽ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളിൽ തൃപ്തിയുണ്ടെന്നും നടി വ്യക്തമാക്കി. കുടുംബസമേതമാണ് നടൻ ഷൈൻ ടോം ചാക്കോ മൊഴി നൽകാനെത്തിയത്
സിനിമയിലെ മൂന്ന് അണിയറ പ്രവർത്തകരും അഭിഭാഷകയുമാണ് ഐസിസിയിലുള്ളത്. വിൻ സിയുടെ പരാതിയിൽ തീരുമാനമെടുക്കാൻ ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേർന്നിരുന്നു. ഐസിസി റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കു എന്ന് ഫിലിം ചേംബർ അറിയിച്ചു.