കോഴിക്കോട്: വെെകിട്ട് ആറു മണികഴിഞ്ഞാൽ തുടങ്ങും കോഴിക്കോട്ടു നിന്ന് വടക്കോട്ടുള്ള ട്രെയിൻ യാത്രാ ദുരിതം. വെെകിട്ട് 6.15ന് കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ് പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനിന് നാല് മണിക്കൂർ കാത്തിരിക്കണം. റോഡ് മാർഗമുള്ള യാത്രയാണെങ്കിൽ ദേശീയപാത വികസനം നടക്കുന്നതിനാൽ നിർമാണ പ്രവൃത്തികൾ നടക്കുന്നയിടങ്ങളിലൂടെ ഇഴഞ്ഞിഴഞ്ഞ് മണിക്കൂറുകൾ എടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ. ഏറെ നാളത്തെ നിവേദനങ്ങൾക്കും പരാതികൾക്കുമൊടുവിലാണ് ഷൊർണൂർ – കണ്ണൂർ പാതയിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്എന്നാൽ ഇതിന്റെ ഗുണം ലഭിക്കുന്നത് നഗരത്തിലെത്തുന്ന സർക്കാർ ജീവനക്കാർക്കു മാത്രം. വെെകീട്ട് 6.15നുള്ള കണ്ണൂർ എക്സ്‌പ്രസ് പോയാൽ പിന്നെയുള്ളത് 10.25 ന് കോഴിക്കോട് എത്തുന്ന കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസാണ്. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്ന നൂറുകണക്കിനാളുകളാണ് ഇത് കാരണം ബുദ്ധിമുട്ടുന്നത്.സ്വകാര്യ സ്ഥാപനങ്ങളിൽ മിക്കയിടത്തെയും ജോലി സമയം ആറ് മണിയോ, ഏഴ് മണിയോ ആണ്. ശ്വാസം വിടാതെ ഓടിയാലും 6.15 ന്റെ കണ്ണൂർ എക്സ്പ്രസിൽ കയറിക്കൂടുക പ്രയാസം. ദിവസവും കണ്ണൂർ എക്സ്‌പ്രസ് വെെകിയോടാനാണ് പ്രാർത്ഥിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ചില ദിവസങ്ങളിൽ കോഴിക്കോട് കഴിഞ്ഞാൽ കണ്ണൂരിൽ സ്റ്റോപ്പുള്ള സ്പെഷ്യൽ ട്രെയിനുകളുണ്ട്. എന്നാൽ ഈ ട്രെയിനുകൾക്ക് സീസണനുസരിച്ച് സമയക്രമത്തിൽ മാറ്റം വരാം. മാത്രമല്ല, പല സ്പെഷ്യൽ ട്രെയിനുകളിലും ജനറൽ കംപാർട്ടുമെന്റുകളും കുറവാണ്. കോഴിക്കോട് നിന്ന് ഫറോക്കിലേക്ക് യാത്ര ചെയ്യുന്നവരുടെ സ്ഥിതിയും സമാനമാണ്. വെെകീട്ട് 6.35 ന്റെ ട്രെയിൻ കഴിഞ്ഞാൽ അടുത്ത ട്രെയിൻ രാത്രി 9.35 നാണ്.










