നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് UDF ന്റെ ഭാഗമാക്കണമെന്ന സമ്മർദ്ദവുമായി തൃണമൂൽ കോൺഗ്രസ്. മുന്നണി പ്രവേശനമുണ്ടായില്ലെങ്കിൽ ടിഎംസി ഒറ്റയ്ക്ക് മത്സരിക്കും. പി വി അൻവർ തന്നെ മത്സരിക്കാനുള്ള ആലോചനയുമുണ്ട്. സ്ഥാനാർഥിയായി ഒറ്റ പേരിലേക്കെത്താൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് സമ്മർദം ശക്തമായിരിക്കുന്നത്.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് യുഡിഎഫ് പ്രവേശനം ഉണ്ടാകണമന്ന ആവശ്യമാണ് തൃണമൂൽ കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇല്ലെങ്കിൽ സ്വന്തമായി സ്ഥാനാർഥിയെ നിർത്തി മുന്നോട്ടുപോകാനാണ് തീരുമാനം. യുഡിഎഫ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തൃണമൂൽ കോൺഗ്രസ്. എന്നാൽ മുന്നണി പ്രവേശനത്തിനുള്ള കൃത്യമായ മറുപടി കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പുമായി സഹകരിക്കുമെന്ന് ഉറപ്പ് മാത്രമാണ് നൽകുന്നത്. എന്നാൽ ഇത് പോരാ എന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്.ഇന്ന് നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിന്റെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. എന്നാൽ അനുനയ നീക്കത്തിന്റെ ഭാഗമായി ഇത് മാറ്റിവെച്ചിരുന്നു. യോഗത്തിൽ പ്രധാനമായും മുന്നണി പ്രവേശനം ചർച്ച ചെയ്യാനായിരുന്നു തീരുമാനം. രണ്ട് ദിവസത്തിനുള്ള മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഎസ് ജോയ് സ്ഥാനാർഥിയാകണമെന്ന ആവശ്യം നേരത്തെ പിവി അൻവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതിൽ അനുനയസമം ആകാമെന്നും സ്ഥാനാർഥി ആരായാലും പിന്തുണക്കുമെന്നും മുന്നണിയുടെ ഭാഗമാക്കുകയാണ് വേണ്ടതെന്നാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്ന ആവശ്യം