ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ ആത്മഹത്യയില്‍ പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് സംശയം. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത്.അഭിഭാഷകൻ പി ജി മനുവിനെ കൊല്ലത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ മുൻ ഗവ. പ്ലീഡർ കൂടിയായിരുന്നു പി ജി മനു. ആ കേസിൽ മനുവിന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ജാമ്യം.മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു 2023 ഒക്ടോബറില്‍ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാന്‍ എത്തിയത്. കഴിഞ്ഞ നവംബര്‍ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.