വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ നാലുനാള്‍ മാത്രം ശേഷിക്കെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ഉദ്യോഗാര്‍ഥികൾ. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികളുടെ പൊലിസ് ഉദ്യോഗം എന്ന സ്വപ്‌നം പൊലിയും. ഇതിനിടെ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സമരങ്ങള്‍ പലതും മാറ്റി പരീക്ഷിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. ഇന്നലെ പ്രതീകാത്മകമായി കഴുമരത്തിലേറിയായിരുന്നു പ്രതിഷേധം. കറുത്ത തുണികൊണ്ട് കഴുത്ത് മൂടിക്കെട്ടി കൈകള്‍ പിന്നില്‍ കെട്ടിയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. സാധാരണയായി കഴുമരത്തിലേറ്റുന്നവരുടെ അവസാന ആഗ്രഹം ചോദിക്കാറുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് പോലും സര്‍ക്കാര്‍ ചോദിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് ഇതുവരെ നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരുടെ ഒഴിവുണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്.