സ്ഥിരമായി ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് സുപരിചിതമായ വാക്കാണ് തല്‍ക്കാൽ ടിക്കറ്റ്. വളരെ പെട്ടെന്ന് ട്രെയിൻ യാത്ര ചെയ്യേണ്ടിവരുന്ന യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഒരുക്കുന്നതാണ് തല്‍ക്കാൽ ടിക്കറ്റുകൾ. അനുവദിക്കപ്പെട്ട ടിക്കറ്റുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തല്‍ക്കാൽ. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ട്രെയിനിലും നിശ്ചിത സീറ്റുകൾ തത്ക്കാൽ ടിക്കറ്റുകൾക്കായി നീക്കിവെച്ചിരിക്കും. ഇപ്പോൾ തല്‍ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. എസി, നോൺ എസി ക്ലാസുകൾക്കും ഏജൻ്റുമാർക്കും തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായാണ് വ്യജപ്രചരണം. സോഷ്യൽ മീഡിയയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ വന്നതിനെ തുടർന്ന് വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്. ഐആർസിടിസിയുടെ എക്സ് പ്ലാറ്റ്ഫോമിലാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയിരിക്കുന്നത്. നിലവിൽ എസി, നോൺ എസി സീറ്റുകളില്‍ തത്ക്കാൽ, പ്രീമിയം തത്ക്കാൽ എന്നിവ ബുക്ക് ചെയ്യുന്നതിൽ മാറ്റമില്ലെന്നാണ് ഐആർടിസി പറയുന്നത്. തത്ക്കാൽ സീറ്റ് ബുക്ക് ചെയ്യാനായി ഏജൻ്റുമാർക്ക് നൽകിയിരിക്കുന്ന സമയം മാറ്റമില്ലാതെ തുടരുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു. ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്രാ തീയതി ഒഴികെ , തിരഞ്ഞെടുത്ത ട്രെയിനുകളിൽ ഒരു ദിവസം മുൻകൂട്ടി തല്‍ക്കാൽ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10 മണി മുതലും നോൺ എസി ക്ലാസ് (SL/FC/2S) 11 മണി മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തല്‍ക്കാൽ ബുക്കിംഗ് ചെയ്യാവുന്നതാണ്.
ട്രെയിൻ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തല്‍ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. യാത്ര ആരംഭിക്കുന്ന സമയത്തിന് ഒരു ദിവസം മുൻപാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. തല്‍ക്കാൽ ബുക്കിങ് ഓപ്പണാകുന്ന ദിവസം രാവിലെ 10 മണിയ്ക്കാണ് എസി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. 11 മണിയ്ക്കാണ് നോൺ എസി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ഒരു പിഎൻആറിൽ പരമാവധി നാലുപേർക്ക് മാത്രമാണ് തല്‍ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. സാധാരണ ടിക്കറ്റ് നിരക്കിൽ നിന്നും അധികമായി യാത്രക്കാരിൽ നിന്ന് തല്‍ക്കാൽ ചാർജ് ഈടാക്കുന്നതാണ്. തത്ക്കാൽ ബുക്ക് ചെയ്യുന്ന അതേസമയം തന്നെയാണ് പ്രീമിയം ബുക്ക് ചെയ്യേണ്ടത്.











