ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു പുലരിയിൽ പൊൻകണി കണ്ട് മലയാളികൾ. മിനുക്കിയ ഓട്ടുരുളിയിൽ കണിവെള്ളരി, പച്ചക്കറികൾ, ഫലങ്ങൾ, കണിക്കൊന്നപ്പൂവ്, പുത്തൻകോടി, സ്വർണം, നാണയം, വാൽക്കണ്ണാടി തുടങ്ങി മംഗളകരമായ വസ്തുക്കൾ ഒരുക്കി കണികണ്ടാൽ ആ വർഷം ഏറ്റവും ശുഭമാകുമെന്നാണ് വിശ്വാസം. കേരളത്തിന്റെ തനത് കാർഷിക സംസ്കാരവുമായി അഭേദ്യമായ ബന്ധമാണ് വിഷുവിനുള്ളത്
‘വിഷുവം’ എന്ന പദം ലോപിച്ചുണ്ടായതാണ് ”വിഷു”. വിഷുവിന് ”തുല്യമായത്” എന്നാണ് അർത്ഥം. അതായത്, രാത്രിയും പകലും തുല്യമായി വരുന്ന ദിവസം. നാടാകെ ആഘോഷത്തിലാണ്. ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ പ്രത്യേക പൂജകൾ നടന്നു. ഗുരുവായൂരും ആറന്മുളയിലും വൻ ഭക്തജന തിരക്കായിരുന്നു.
കണ്ണനെ കണികാണാൻ 12 മണിക്കൂർ മുൻപേ ഗുരുവായൂരിൽ വരി തുടങ്ങി. ഞായറാഴ്ച ഉച്ചയായപ്പോഴേയ്ക്കും ആയിരങ്ങളാണ് എത്തിയത്. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വരി സജ്ജമാക്കി. മൂന്നരയായപ്പോഴേയ്ക്കും ആറു വരികളായി ഓഡിറ്റോറിയവും നിറഞ്ഞു.
മേടപ്പുലരിയിലെ പൊൻകണിയായി അയ്യപ്പദർശനംതേടി സന്നിധാനത്തേക്കും ഭക്തരുടെ ഒഴുക്കായിരുന്നു. ഞായറാഴ്ച ഉച്ചയോടുകൂടിത്തന്നെ തിരക്ക് തുടങ്ങിയിരുന്നു. രാത്രിയായപ്പോഴേക്കും ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്തേതിന് സമാനമായ കാഴ്ചകളായിരുന്നു. തൊഴാനെത്തിയ മിക്ക സ്വാമിമാരും കൊന്നപ്പൂക്കളുമായെത്തി ശ്രീകോവിലിനുമുന്നിൽ ഭഗവാന് സമർപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അയ്യപ്പനെ കണികണ്ട് വിഷുക്കൈനീട്ടവും വാങ്ങിയാണ് പതിനായിരങ്ങളുടെ മലയിറക്കം