പന്നിത്തടം എയ്യാലിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് 32 പവൻ സ്വർണാഭരണങ്ങൾ കവർന്നു.അലമാരയിൽ സൂക്ഷിച്ചിരുന്നു നെക്ലസ്, വള, താലി, പാദസരം, തള എന്നിവയാണ് നഷ്ടപ്പെട്ടത്. കേച്ചേരി-അക്കിക്കാവ് ബൈപ്പാസിലെ എയ്യാൽ ചുങ്കം കവലയ്ക്ക് സമീപം ഒറുവിൽ അംജത്തിന്റെ വീട്ടിലാണ് സംഭവം.
മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്ത് കയറിയത്. കിടപ്പുമുറിയിലാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. അംജത്ത് കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ജോലിസ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുള്ള ഭാര്യയും മാതാവും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയത്. ശനിയാഴ്ച വൈകീട്ട് 5.30-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.
കുന്നംകുളം എ.സി.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിള്ള പോലീസ് സംഘം രണ്ട് സ്ക്വാഡുകളായി അന്വേഷണം ഊർജിതമാക്കി. എരുമപ്പെട്ടി ഇൻസ്പെക്ടർ ജെ.എസ്. അശ്വനി, എസ്.ഐ. കെ.വി. ജോണി, വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു